തമിഴ് സിനിമാതാരം രവി മോഹനും മുൻ ഭാര്യ ആർതി രവിയും തമ്മിലുള്ള വേർപിരിയൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിവാഹമോചനത്തിന് പിന്നാലെ പരസ്പരമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഗായിക കെനിഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദമാണ് വിവാഹമോചനത്തിന് കാരണമെന്നായിരുന്നു ആർതിയുടെ പ്രധാന ആരോപണം. എന്നാൽ, രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്ന് കെനിഷ അടുത്തിടെ പ്രഖ്യാപിച്ചത് പുതിയ വഴിത്തിരിവായി.

കെനിഷയുടെ പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ആർതി രവി രംഗത്തെത്തി. തന്റെ നിശബ്ദതയെ ബലഹീനതയായി കാണരുതെന്ന് മുന്നറിയിപ്പ് നൽകിയ ആർതി, മക്കൾക്കും അന്തസ്സിനും വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് വ്യക്തമാക്കി. "ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുത്. അവൾ ഒരു പെൺസിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ദൈവം തന്നെ വരേണ്ടി വരും. സത്യം എപ്പോഴും വിജയിക്കും," ആർതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ആർതിയുടെ ഈ കുറിപ്പിന് പിന്തുണയുമായി നടി ഖുശ്ബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഒരു അമ്മയോട് ഏറ്റുമുട്ടാൻ നിൽക്കരുതെന്നും, മക്കൾക്ക് വേണ്ടി പോരാടുന്ന ആർതിക്ക് കൂടുതൽ ശക്തി ലഭിക്കട്ടെയെന്നും ഖുശ്ബു ആശംസിച്ചു. വ്യാജ പ്രചാരണങ്ങളും ഓൺലൈൻ പീഡനങ്ങളും തന്നെ മാനസികമായി തളർത്തിയെന്ന് വ്യക്തമാക്കിയ കെനിഷ, തന്റെ കരിയർ പോലും ഉപേക്ഷിച്ച് രവി മോഹനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കെനിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

Photo and News Source: Samakalika Malayalam