1998 ജൂലൈ 12-ന് പാരീസിലെ സ്റ്റാഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ലോകകപ്പ് ഫൈനൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നാണ്. കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോ നസാരിയോയ്ക്ക് സംഭവിച്ച ആരോഗ്യപ്രശ്നങ്ങൾ ടീമിനെയാകെ ഞെട്ടിച്ചു. റൊണാൾഡോയുടെ മുറിയിൽ നിന്ന് സഹതാരം റോബർട്ടോ കാർലോസിന്റെ നിലവിളി കേട്ടാണ് സഹതാരങ്ങൾ ഓടിയെത്തിയത്. കട്ടിലിൽ കിടന്ന് വിറയ്ക്കുന്ന റൊണാൾഡോയുടെ വായയിൽ നിന്ന് നുരയും പതയും വരുന്നത് കണ്ട് സഹതാരങ്ങൾ തകർന്നുപോയി.

ഉടനടി റൊണാൾഡോയെ പാരീസിലെ ലിലിയസ് ക്ലിനിക്കിലേക്ക് മാറ്റി. അപസ്മാരത്തിന് സമാനമായ അവസ്ഥയിലായിരുന്നു താരമെന്ന് പിന്നീട് വെളിപ്പെടുത്തലുകൾ വന്നു. ഫൈനൽ മത്സരം തുടങ്ങാൻ 72 മിനിറ്റ് മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന ടീം ലിസ്റ്റിൽ റൊണാൾഡോയുടെ പേരില്ലാത്തത് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചു. റൊണാൾഡോയ്ക്ക് പകരം എഡ്മുണ്ടോയെ ഉൾപ്പെടുത്തിയായിരുന്നു ടീം പ്രഖ്യാപനം. ഇത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചു.

എന്നാൽ, പരിശോധനകൾക്ക് ശേഷം താൻ സുഖമാണെന്നും കളിക്കാൻ തയ്യാറാണെന്നും റൊണാൾഡോ കോച്ച് മാരിയോ സഗാലോയെ അറിയിച്ചു. താരത്തിന്റെ നിർബന്ധത്തിന് വഴങ്ങി കിക്കോഫിന് തൊട്ടുമുമ്പ് റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ, ഗ്രൗണ്ടിൽ ഇറങ്ങിയ റൊണാൾഡോ പഴയ ഫോമിലായിരുന്നില്ല. സിനദിൻ സിദാന്റെ മികവിൽ ഫ്രാൻസ് ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം ചൂടി. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ തലകുനിച്ചുനിന്ന റൊണാൾഡോയുടെ ചിത്രം ഇന്നും ആരാധകരുടെ നൊമ്പരമായി അവശേഷിക്കുന്നു.

Photo and News Source: Suprabhaatham