തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി ആഘോഷിക്കാൻ യുഡിഎഫ് ഒരുങ്ങുന്നു. തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.
സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ വേദിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ചടങ്ങ് ദേശീയ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ സംഘടിപ്പിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അതേസമയം, തനിക്ക് അമിതമായ സുരക്ഷാ സംവിധാനങ്ങളോ വാഹനവ്യൂഹമോ ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ, സെഡ് കാറ്റഗറി സുരക്ഷ നിലനിൽക്കുന്നതിനാൽ പൈലറ്റ് വാഹനത്തിന് പുറമെ എസ്‌കോർട്ട് വാഹനവും സുരക്ഷയുടെ ഭാഗമായി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി വി.ഡി. സതീശൻ മുതിർന്ന നേതാക്കളെയും രാഷ്ട്രീയ ഗുരുക്കന്മാരെയും സന്ദർശിക്കുന്നത് തുടരുകയാണ്. എ.കെ. ആന്റണി, വി.എം. സുധീരൻ, രമേശ് ചെന്നിത്തല, വയലാർ രവി എന്നിവരുടെ വീടുകളിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടാതെ, പിണറായി വിജയന്റെ വസതിയിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. മുൻ സർക്കാർ ഉപയോഗിച്ചിരുന്ന കറുത്ത ഇന്നോവ കാറുകൾ പോലീസ് തിരിച്ചെടുത്തു. പുതിയ മന്ത്രിസഭയ്ക്കായി വെള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ പൊതുഭരണവകുപ്പ് സജ്ജമാക്കുന്നുണ്ട്. പിണറായി സർക്കാരിന്റെ ശൈലിയിൽ നിന്ന് വ്യത്യസ്തമായി ജനകീയമായ ഒരു ഭരണരീതി കൊണ്ടുവരാനാണ് സതീശന്റെ ശ്രമം.
Photo and News Source: Suprabhaatham








