യുഎഇയിൽ ബന്ധുവായ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അപമാനിച്ചതിന് 27 വയസ്സുള്ള ഇന്ത്യക്കാരന് പിഴ ശിക്ഷ. യുവതിയുടെ സ്വകാര്യ ചിത്രത്തിനൊപ്പം അവഹേളനപരമായ കുറിപ്പും ചേർത്താണ് ഇയാൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ 3,000 ദിർഹം (ഏകദേശം 78,396 രൂപ) ആണ് കോടതി പിഴയായി വിധിച്ചത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. തന്നെ വ്യക്തിഹത്യ ചെയ്യാനും സമൂഹത്തിന് മുന്നിൽ അപമാനിക്കാനും ഉദ്ദേശിച്ചാണ് യുവാവ് ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് യുവതി ആരോപിച്ചു. അന്വേഷണത്തിൽ, യുവതിയുടെ പിതാവിന്റെ ചിത്രവും സമാനമായ രീതിയിൽ അപകീർത്തികരമായ പരാമർശങ്ങളോടെ ഇയാൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

പ്രതിയുടെ ബന്ധുവിനെയാണ് പരാതിക്കാരി വിവാഹം കഴിച്ചിരിക്കുന്നത്. ഈ പോസ്റ്റ് പ്രചരിച്ചതോടെ കുടുംബാംഗങ്ങൾക്കിടയിൽ വലിയ നാണക്കേടും മാനസിക വിഷമവും ഉണ്ടായതായി യുവതി വ്യക്തമാക്കി. തന്റെയോ പിതാവിന്റെയോ അനുമതിയില്ലാതെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചതെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി.

സൈബർ വിദഗ്ധർ പ്രതിയുടെ അക്കൗണ്ട് പരിശോധിച്ചതിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ, തന്റെ ഫോണിന്റെ പാസ്‌വേഡ് അറിയാവുന്ന യുവതി തന്നെയാണ് ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്ന വിചിത്രമായ വാദമാണ് യുവാവ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ, പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തിയ കോടതി, ഇയാളെ കുറ്റക്കാരനായി വിധിക്കുകയും പിഴ അടയ്ക്കാൻ ഉത്തരവിടുകയുമായിരുന്നു.

Photo and News Source: Samakalika Malayalam