മാറിയ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം ഇന്ന് പലരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറ്റിലെ ഗ്യാസ് എന്നിവ. വയറ്റിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയോ, അത് അന്നനാളത്തിലേക്ക് തിരികെ കയറുകയോ ചെയ്യുമ്പോഴാണ് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നത്. നമ്മുടെ ദൈനംദിന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഈ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ സാധിക്കും.
പലരും തിരക്ക് കാരണവും ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ ദീർഘനേരം വിശന്നിരിക്കുന്നത് വയറ്റിൽ ആസിഡിന്റെ അളവ് കൂടാൻ കാരണമാകും. അതിനാൽ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ഒഴിവാക്കരുത്. അതുപോലെ, ഒറ്റയടിക്ക് അമിതമായി ഭക്ഷണം കഴിക്കുന്നതും വയറ്റിൽ സമ്മർദം വർധിപ്പിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും കഴിച്ച ഉടൻ കിടക്കുന്നതും ആസിഡ് റിഫ്ലക്സ് സാധ്യത വർധിപ്പിക്കുന്നു. വൈകുന്നേരം ഏഴ് മണിക്ക് മുൻപായി അത്താഴം കഴിക്കുന്നതാണ് ദഹനത്തിന് ഏറ്റവും ഉചിതം.
ചായ, കാപ്പി എന്നിവയിൽ അടങ്ങിയിരിക്കുന്ന കഫീൻ അസിഡിറ്റി വർധിപ്പിക്കാൻ കാരണമാകും. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഇത്തരം പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, എരിവുള്ള വിഭവങ്ങൾ എന്നിവ ദഹനത്തെ മന്ദഗതിയിലാക്കുകയും അസിഡിറ്റിക്ക് വഴിയൊരുക്കുകയും ചെയ്യും. ഭക്ഷണം വേഗത്തിൽ കഴിക്കുന്നതും ശരിയായി ചവച്ചരയ്ക്കാത്തതും ഗ്യാസ് ട്രബിളിന് കാരണമാകുന്നു. ശരീരത്തിൽ ജലാംശം കുറയുന്നതും മാനസിക സമ്മർദവും ഉറക്കക്കുറവും ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
അസിഡിറ്റി കുറയ്ക്കാൻ രാത്രി നേരത്തെ അത്താഴം കഴിക്കുകയും ഭക്ഷണത്തിന് ശേഷം രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞു മാത്രം ഉറങ്ങാൻ കിടക്കുകയും ചെയ്യുക. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഫൈബർ അടങ്ങിയ വിഭവങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കാപ്പി, ചായ, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കുക. അസിഡിറ്റി സ്ഥിരമായി അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
Photo and News Source: Samakalika Malayalam







