തമിഴ്‌നാട് സര്‍ക്കാര്‍ ഓഫീസുകളില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുപോന്ന 'വെളുത്ത തൂവാല' സംസ്‌കാരത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി വിജയ്. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വി.ഐ.പി.കളുടെയും കസേരകളില്‍ വെളുത്ത ടവലുകള്‍ വിരിക്കുന്ന പതിവ് ഇനിമുതല്‍ ഉണ്ടാകില്ല. കാലാവസ്ഥാ പ്രവര്‍ത്തകയായ ലിസിപ്രിയ കങ്കുജം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളിലാണ് ഈ സുപ്രധാന മാറ്റം സംഭവിച്ചത്.

സര്‍ക്കാര്‍ ഓഫീസുകളിലെ ഈ വി.ഐ.പി. സംസ്‌കാരം അവസാനിപ്പിച്ച് പുതിയൊരു മാതൃക സൃഷ്ടിക്കണമെന്ന് ലിസിപ്രിയ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെങ്കിലും, തൊട്ടുപിന്നാലെ സെക്രട്ടേറിയറ്റില്‍ നടന്ന വ്യവസായ വികസന വകുപ്പിന്റെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തപ്പോള്‍ കസേരയില്‍ വെളുത്ത തൂവാല ഉണ്ടായിരുന്നില്ല. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രശംസയ്ക്കും വഴിവെച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ചതാണ് ഈ ശീലം. അക്കാലത്ത് ഉദ്യോഗസ്ഥര്‍ തലയില്‍ ഉപയോഗിച്ചിരുന്ന 'മക്കാസര്‍ ഓയില്‍' കസേരകളില്‍ കറപിടിക്കാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന തുണികളാണ് പിന്നീട് അധികാരത്തിന്റെ പ്രതീകമായി മാറിയത്. ഇവ 'ആന്റി-മക്കാസേഴ്സ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പതിവ് അവസാനിപ്പിച്ചതിലൂടെ ഇന്ത്യന്‍ ബ്യൂറോക്രസിയിലെ പഴഞ്ചന്‍ ശൈലികളില്‍ നിന്ന് മാറി ചിന്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറായെന്നാണ് വിലയിരുത്തപ്പെടുന്നത്.

തന്റെ അഭ്യര്‍ഥന പരിഗണിച്ച മുഖ്യമന്ത്രിക്ക് ലിസിപ്രിയ കങ്കുജം നന്ദി അറിയിച്ചു. സാധാരണക്കാരുടെ ശബ്ദം കേള്‍ക്കാന്‍ ഭരണകൂടം തയ്യാറാണെന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വി.ഐ.പി. സംസ്‌കാരത്തിന്റെ പ്രതീകാത്മകമായ അവസാനിപ്പിക്കലായാണ് രാഷ്ട്രീയ നിരീക്ഷകരും ഈ നീക്കത്തെ നോക്കിക്കാണുന്നത്.

Photo and News Source: Suprabhaatham