സഊദി അറേബ്യയിൽ ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ഔദ്യോഗികമായി ആഹ്വാനം ചെയ്തു. ദുൽഖഅദ് 29-ാം തീയതിയായ മെയ് 17 ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ ഉപയോഗിച്ചോ ചന്ദ്രക്കല ദർശിക്കുന്നവർക്ക് വിവരം അടുത്തുള്ള കോടതികളിൽ അറിയിക്കാവുന്നതാണ്.
ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായാൽ, മെയ് 18 തിങ്കളാഴ്ച ദുൽഹിജ്ജ മാസത്തിന് തുടക്കമാകും. അങ്ങനെയെങ്കിൽ അറഫാ ദിനം മെയ് 26-നും ബലിപെരുന്നാൾ മെയ് 27-നും ആയിരിക്കും. മാസപ്പിറവി നിരീക്ഷണത്തിനായി കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ മേൽനോട്ടത്തിൽ സുദൈർ, തുമാഇർ തുടങ്ങിയ കേന്ദ്രങ്ങളിൽ അത്യാധുനിക ടെലിസ്കോപ്പുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള വിശ്വാസികളോടാണ് മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി അഭ്യർത്ഥിച്ചിരിക്കുന്നത്. ശാസ്ത്രീയമായ നിരീക്ഷണ സംവിധാനങ്ങൾക്കൊപ്പം വിശ്വാസികളുടെ സാക്ഷ്യപ്പെടുത്തലുകൾക്കും വലിയ പ്രാധാന്യമാണ് സഊദി ഭരണകൂടം നൽകുന്നത്. മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സുപ്രീം കോടതി പിന്നീട് പുറപ്പെടുവിക്കും.
Photo and News Source: Siraj Live







