കോഴിക്കോട് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതിയായ മുംതാസ് ബീഗം രംഗത്തെത്തി. താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും, സംഭവത്തിൽ പിഴയടച്ച് നിയമപരമായ നടപടികൾ പൂർത്തിയാക്കിയതാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഇതിനു പിന്നാലെ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിൽ മുംതാസ് ആശങ്ക പ്രകടിപ്പിച്ചു.
സംഭവത്തെക്കുറിച്ച് മുംതാസ് പറയുന്നത് ഇങ്ങനെ: "ഞാൻ ഈ പ്രശ്‌നത്തിൽ നേരത്തേ മാപ്പ് പറഞ്ഞതാണ്. പിഴത്തുകയും അടച്ചിരുന്നു. ചെയ്തതിനെ ന്യായീകരിക്കുന്നില്ല. ആ സമയത്തുണ്ടായ പാനിക്ക് സിറ്റുവേഷനിൽ പറ്റിപ്പോയ അബദ്ധമാണ്. ഒരു എമർജൻസി സിറ്റുവേഷനിൽ പറ്റിപ്പോയ അബദ്ധമായിരുന്നു." അടിയന്തരമായി ടോയ്‌ലെറ്റിൽ പോകേണ്ടി വന്ന സാഹചര്യമാണ് ബസിൽ ബഹളമുണ്ടാക്കാൻ കാരണമായതെന്നും, എന്നാൽ ബസ് നിർത്താൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു.
താൻ ധരിച്ച വസ്ത്രത്തെക്കുറിച്ചും മറ്റും മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ടെന്ന് മുംതാസ് ചൂണ്ടിക്കാട്ടി. "എന്റെ ഫോണിൽ റെക്കോഡ് ചെയ്ത വീഡിയോയും ഒഴിവാക്കി. അതിനുശേഷം ഇങ്ങനെയൊരു സൈബർ ആക്രമണത്തിന്റെ ആവശ്യമുണ്ടോ എന്ന് എനിക്കറിയില്ല. ആരെങ്കിലും ഒരു അപകടത്തിൽപ്പെടുമ്പോൾ അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അറിയില്ല," അവർ ചോദിക്കുന്നു. താൻ ഒരു അവതാരകയാണെന്നും ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കട്ടപ്പന-മാനന്തവാടി കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. ട്രിപ്പ് മുടങ്ങിയതിന്റെ നഷ്ടപരിഹാരമടക്കം 28,000 രൂപ പിഴയായി അടച്ചതായും മുംതാസ് അറിയിച്ചു. സംഭവത്തിൽ തന്റെ ഭാഗത്തുനിന്നുള്ള ക്ഷമാപണം എഴുതി നൽകിയതായും അവർ വ്യക്തമാക്കി. അതേസമയം, ഈ വിഷയത്തിൽ തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുംതാസിന്റെ ഭർത്താവ് വി. വസീഫും നേരത്തെ വ്യക്തമാക്കിയിരുന്നു.
Photo and News Source: Janmabhumi








