മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ (പി.ബി.) വോട്ടെടുപ്പ് നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പിണറായിയുടെ പേര് മാത്രം നിർദേശിച്ച സാഹചര്യത്തിൽ, കേന്ദ്ര നേതൃത്വത്തിന് അടിയന്തരമായി യോഗം ചേർന്ന് തീരുമാനമെടുക്കേണ്ടി വരികയായിരുന്നു. 17 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പത്തുപേർ പിണറായിയെ പിന്തുണച്ചപ്പോൾ ഏഴുപേർ എതിർത്തു.
നേരത്തെ, തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന പി.ബി. യോഗത്തിൽ പിണറായി നയിച്ച സർക്കാരിനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പുതിയ നേതൃത്വം വരണമെന്ന പൊതുവികാരം പി.ബി.യിൽ അന്ന് പ്രകടമായിരുന്നു. എന്നാൽ, സംസ്ഥാന കമ്മിറ്റിയിൽ മറ്റൊരു പേരും ഉയരാത്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് പിണറായിയുടെ പേര് തന്നെ വീണ്ടും നിർദേശിക്കുകയായിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി ഓൺലൈനായി അടിയന്തര പി.ബി. യോഗം വിളിച്ചുചേർക്കുകയായിരുന്നു. പി.ബി.യുടെ മുൻ നിലപാടുകൾ അറിയിച്ചിട്ടും സംസ്ഥാന ഘടകം പിണറായിയുടെ പേരിൽ ഉറച്ചുനിന്നതോടെയാണ് വോട്ടെടുപ്പിലൂടെ അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.
Photo and News Source: Mathrubhumi








