ആന്ധ്രാപ്രദേശിൽ ജനസംഖ്യാ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സാമ്പത്തിക സഹായ പദ്ധതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്ത് മൂന്നാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങൾക്ക് 30,000 രൂപയും, നാലാമത്തെ കുട്ടി ജനിക്കുന്നവർക്ക് 40,000 രൂപയും സർക്കാർ ധനസഹായമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നരസന്നപേട്ടയിൽ നടന്ന 'സുവർണ്ണ ആന്ധ്ര-സ്വച്ഛ് ആന്ധ്ര' പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ ജനസംഖ്യ കുറയുന്നതിലുള്ള ആശങ്ക പങ്കുവെച്ച നായിഡു, കുട്ടികളെ ഭാരമായി കാണാതെ രാജ്യത്തിന്റെ സമ്പത്തായി കണക്കാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. മുൻകാലങ്ങളിൽ കുടുംബാസൂത്രണത്തിന് മുൻഗണന നൽകിയിരുന്നെങ്കിലും, നിലവിലെ ജനസംഖ്യാ രീതികൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: 'ഇതിനെക്കുറിച്ച് ഞാൻ പലതവണ ചിന്തിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ, കുടുംബാസൂത്രണത്തിനായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ന്, വീണ്ടും, കുട്ടികൾ നമ്മുടെ സമ്പത്താണ്, നമ്മുടെ കുട്ടികൾക്കുവേണ്ടി നാമെല്ലാവരും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവന്നിരിക്കുന്നു. മൂന്നാമത്തെ കുട്ടിക്ക്, ജനിച്ചയുടനെ ഞങ്ങൾ 30,000 രൂപ നൽകും. നാലാമത്തെ കുട്ടിക്ക്, ഞങ്ങൾ 40,000 രൂപ നൽകും.'
ആന്ധ്രാപ്രദേശിലെ നിലവിലെ ജനസംഖ്യാ കണക്കുകൾ പ്രകാരം, രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കായ 0.29 ശതമാനമാണ് സംസ്ഥാനത്തുള്ളത്. ഏകദേശം 5.40 കോടിയോളം ജനങ്ങളുള്ള ആന്ധ്ര, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിൽ പത്താം സ്ഥാനത്താണ്. ജനനനിരക്കിലെ കുറവും പ്രായമാകുന്ന ജനസംഖ്യയും കണക്കിലെടുത്ത്, ഭാവിയിൽ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തുപകരാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Photo and News Source: Janmabhumi







