ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്മാറി. മദ്യനയക്കേസില്‍ കെജ്രിവാളിനെയും മനീഷ് സിസോദിയയെയും റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ജഡ്ജിക്കെതിരെ കെജ്രിവാള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പക്ഷപാതപരമായി പെരുമാറുന്നുവെന്നും, ആര്‍എസ്എസ് ബന്ധമുള്ള സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തുവെന്നും, അവരുടെ മക്കള്‍ കേന്ദ്രസര്‍ക്കാര്‍ പാനലില്‍ അംഗങ്ങളാണെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു. താന്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കെജ്രിവാളിന്റെ ആരോപണങ്ങളെ ജസ്റ്റിസ് ശര്‍മ്മ ശക്തമായി തള്ളിക്കളഞ്ഞു.
തന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതിനാലല്ല, മറിച്ച് തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നതിനാലാണ് കേസില്‍ നിന്നും പിന്മാറുന്നതെന്ന് ജസ്റ്റിസ് ശര്‍മ്മ വ്യക്തമാക്കി. ജുഡീഷ്യല്‍ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ജസ്റ്റിസ് ശര്‍മ്മ തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടിയെപ്പോലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്രത്തോളം തരംതാണിട്ടില്ലെന്ന് തുഷാര്‍ മേത്ത വിമര്‍ശിച്ചു. കെജ്രിവാളിനെതിരായ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജസ്റ്റിസ് ശര്‍മ്മ ആവര്‍ത്തിച്ചു.
Photo and News Source: Janmabhumi







