നടൻ രവി മോഹൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി നടി ഖുശ്ബു രംഗത്ത്. തന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവെ, പേര് പറയാതെ ഒരു ‘ഇഡ്ഡലി നടി’ തന്റെ ജീവിതത്തിൽ ഇടപെട്ടുവെന്നും, ഫെമിനിസത്തിന്റെ പേരിൽ മൂന്ന് മുതിർന്ന നടന്മാരുടെ ജീവിതം തകർത്തു എന്നും രവി മോഹൻ ആരോപിച്ചിരുന്നു. ഈ പരാമർശം ഖുശ്ബുവിനെ ഉദ്ദേശിച്ചാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു.
രവി മോഹന്റെ ആരോപണങ്ങൾക്ക് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് ഖുശ്ബു മറുപടി നൽകിയത്. “ചിലർ തങ്ങളുടെ ഡിഎൻഎ തെളിയിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഞാനായിരുന്നു ശരിയെന്ന് തെളിയിച്ചതിന് നന്ദി” എന്നാണ് നടി കുറിച്ചത്. നടിയുടെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
രവി മോഹൻ തന്റെ പ്രസ് മീറ്റിൽ രൂക്ഷമായ ഭാഷയിലാണ് നടിക്കെതിരെ സംസാരിച്ചത്. “ഞാൻ അവരുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. മൂന്ന് അക്ഷരം മാത്രമുള്ളൊരു നടിയുണ്ട്. ഇഡ്‌ലി എന്നതാണ് കോഡ് വേർഡ്. ഫെമിനിസത്തിന്റെ പേരിൽ ഒളിച്ചിരിക്കുന്ന മോശം വ്യക്തിയാണ് അവൾ. ജീവിതത്തിൽ അവളെപ്പോലൊരു മോശം വ്യക്തിയെ കണ്ടിട്ടില്ല. മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ അവർക്ക് എന്ത് അവകാശമാണുള്ളത്?” എന്ന് അദ്ദേഹം ചോദിച്ചു. ഈ സംഭവവികാസങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Photo and News Source: Janmabhumi










