നടൻ ജയം രവിയുമായുള്ള തന്റെ ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് ഗായിക കെനിഷ ഫ്രാൻസിസ് പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ, താൻ അദ്ദേഹത്തെ സ്വതന്ത്രനാക്കുകയാണെന്നും ഇനി യാതൊരു വിശദീകരണങ്ങൾക്കും താനില്ലെന്നും അവർ വ്യക്തമാക്കി. സ്നേഹത്തോടെയാണ് താൻ ഈ ബന്ധത്തിലേക്ക് വന്നതെന്നും, എന്നാൽ ഇപ്പോൾ തികഞ്ഞ മൗനത്തോടെ പിന്മാറുകയാണെന്നും കെനിഷ കുറിച്ചു.
ഈഗോയും മുൻവിധികളും നിറഞ്ഞ അന്തരീക്ഷത്തിൽ നന്മയ്ക്ക് ശ്വാസം മുട്ടുകയാണെന്ന് അവർ ആരോപിച്ചു. ലോകം ഇതിനകം തന്നെ ഒരു കഥ മെനഞ്ഞുണ്ടാക്കിയ ഒരു വ്യക്തിയെ സംരക്ഷിക്കാൻ താൻ ശ്രമിച്ചുവെന്നും, എന്നാൽ അരാജകത്വം നിറഞ്ഞ ഈ ലോകത്ത് കാരുണ്യത്തിന് സ്ഥാനമില്ലെന്ന് തിരിച്ചറിയുന്നുവെന്നും കെനിഷ പറഞ്ഞു. സിനിമാ ലോകത്തോടും പൊതുജനങ്ങളോടും തനിക്ക് ഇനി ഒന്നും പറയാനില്ലെന്നും, എന്റേതല്ലാത്ത യുദ്ധങ്ങൾക്ക് ഇനി താൻ ഇല്ലെന്നും അവർ വ്യക്തമാക്കി.
നല്ല മനുഷ്യർക്ക് പിന്തുണ നൽകാൻ ശ്രമിച്ചത് തന്റെ വിഡ്ഢിത്തമായിരുന്നുവെന്ന് കെനിഷ പരിതപിക്കുന്നു. ഈ സ്ഥലം കള്ളന്മാർക്കും വഞ്ചകർക്കും മാത്രമുള്ളതാണെന്ന് അവർ കുറ്റപ്പെടുത്തി. താൻ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പൂർണമായി പിന്മാറുകയാണെന്നും, സമാധാനത്തോടെ അദ്ദേഹത്തെ വിട്ടുനൽകുകയാണെന്നും അവർ കൂട്ടിച്ചേർത്തു. യഥാർത്ഥ സ്നേഹത്തിനും സൗമ്യതയ്ക്കും ഈ ലോകത്ത് ഇടമില്ലാത്തതിൽ അവർ കടുത്ത നിരാശ പ്രകടിപ്പിച്ചു.
Photo and News Source: Pathram Online









