സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിനെതിരെ വിവാദ പരാമർശവുമായി സ്പേസ് എക്സ് (SpaceX) മേധാവി ഇലോൺ മസ്ക് രംഗത്ത്. ഇൻസ്റ്റാഗ്രാം പെൺകുട്ടികൾക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്തതാണെന്നും, സെക്ഷ്വൽ കണ്ടന്റുകൾ പങ്കുവെക്കാനും സ്റ്റോറികൾ അപ്‌ലോഡ് ചെയ്യാനും മാത്രമുള്ള പ്ലാറ്റ്‌ഫോമാണിതെന്നുമാണ് മസ്കിന്റെ പരിഹാസരൂപേണയുള്ള പ്രസ്താവന. സമൂഹമാധ്യമ ശീലങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വിവാദ പരാമർശം.
മസ്കിന്റെ ഈ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇത് തികച്ചും സ്ത്രീവിരുദ്ധമാണെന്നും ലിംഗപരമായ വേർതിരിവ് കാണിക്കുന്നതാണെന്നും നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. വിമർശനങ്ങൾ ശക്തമായതോടെ, മുതിർന്ന പുരുഷന്മാർ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. ഇത്തരം പ്രസ്താവനകൾ മസ്കിന്റെ പതിവ് ശൈലിയാണെന്നും, ലിംഗഭേദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പലപ്പോഴും വിവാദമാകാറുണ്ടെന്നും വിമർശകർ പറയുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളെ മസ്ക് ലക്ഷ്യം വെക്കുന്നത് ഇതാദ്യമല്ല. നേരത്തെ വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിച്ചിരുന്നു. താൻ സ്വന്തമായി ഉടമസ്ഥതയിലുള്ള 'എക്സ്' (X) പ്ലാറ്റ്‌ഫോമിനെ മാത്രം പിന്തുണയ്ക്കുകയും മറ്റ് സോഷ്യൽ മീഡിയകളെ നിരന്തരം തള്ളിപ്പറയുകയും ചെയ്യുന്ന മസ്കിന്റെ രീതിക്കെതിരെയും വലിയ തോതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രകോപിപ്പിക്കാൻ മസ്ക് ബോധപൂർവം ശ്രമിക്കാറുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Photo and News Source: Pathram Online







