കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനയാത്രയ്‌ക്കെത്തിയ മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി കെ.പി. ശശികല ടീച്ചർ രംഗത്ത്. മുൻകൂട്ടി അനുവാദം വാങ്ങി എത്തിയ കുട്ടികളെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി യൂണിയൻ നേതാക്കൾ തടയുകയും അപമാനിക്കുകയും ചെയ്ത നടപടിക്കെതിരെയാണ് അവർ ചോദ്യങ്ങളുമായി എത്തിയത്.
“നാളെ ഏതെങ്കിലും മദ്രസയിൽ നിന്നോ സൺഡേ സ്കൂളിൽ നിന്നോ കുട്ടികൾ പഠനയാത്രയുമായി വന്നാൽ നിങ്ങൾ ഇതേപോലെ തടയുമോ? അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ?” എന്ന് ശശികല ടീച്ചർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ടിൽ കയറാൻ നായർ സമുദായക്കാർക്ക് അവകാശമില്ലെന്ന രീതിയിലുള്ള വിദ്യാർഥി നേതാക്കളുടെ ആക്രോശം അങ്ങേയറ്റം തെമ്മാടിത്തമാണെന്നും അവർ വിമർശിച്ചു.
ഈ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് തെക്കുംതല എൻ.എസ്.എസ് കരയോഗമാണെന്ന കാര്യം അവർ ഓർമ്മിപ്പിച്ചു. പിഞ്ചുകുട്ടികളോട് കാണിക്കുന്ന ഇത്തരം വിവേചനങ്ങൾ അംഗീകരിക്കാനാവില്ലെന്നും, കളിച്ചു കളിച്ച് കാര്യങ്ങൾ വഷളാക്കരുതെന്നും ശശികല ടീച്ചർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
Photo and News Source: Janmabhumi









