തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വേളയിൽ ഹരിതചട്ടങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിച്ചു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. മികച്ച നഗരസഭയായി രാമനാട്ടുകര നഗരസഭയെ തിരഞ്ഞെടുത്തപ്പോൾ, മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം കോഴിക്കോട് കോർപ്പറേഷന് ലഭിച്ചു. ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിനെയും ചടങ്ങിൽ ആദരിച്ചു.
ഇതുകൂടാതെ, ഹരിതചട്ട അവബോധം ലക്ഷ്യമിട്ട് സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചേളന്നൂർ ശ്രീനാരായണഗുരു കോളേജിനും പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ജില്ലാ ശുചിത്വ മിഷൻ കോഓഡിനേറ്റർ ഇ.ടി. രാകേഷ്, അസിസ്റ്റന്റ് കോഓഡിനേറ്റർ സി.കെ. സരിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഹരിതചട്ട പാലനത്തിൽ സംസ്ഥാനതലത്തിൽ മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയ്ക്കായിരുന്നു എന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതി സൗഹൃദമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിൽ ജില്ല കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരങ്ങൾ വിലയിരുത്തപ്പെടുന്നത്.
Photo and News Source: Sathyam Online







