തിങ്കളാഴ്ച വിഡി സതീശന്‍ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ, മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ധാരണകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയിരിക്കുന്നു. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ധനവകുപ്പ് മുഖ്യമന്ത്രി വിഡി സതീശന്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യാനാണ് തീരുമാനം.

കോണ്‍ഗ്രസില്‍ നിന്ന് പതിനൊന്ന് മന്ത്രിമാരാണ് മന്ത്രിസഭയിലുണ്ടാവുക. സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവര്‍ മന്ത്രിപ്പട്ടികയില്‍ ഇടംപിടിച്ചതായാണ് സൂചന. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ വിഡി സതീശനും കെസി വേണുഗോപാലും അദ്ദേഹത്തിന്റെ വസതിയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നും സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവെച്ച നേതാവാണെന്നും ഹൈക്കമാന്‍ഡ് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് കൈക്കൊള്ളുന്നതെന്നും വ്യക്തമാക്കി. താന്‍ എന്നും യഥാര്‍ഥ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

അതേസമയം, മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് വിവരം. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. പികെ ബഷീറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Photo and News Source: Sathyam Online