വി.ഡി. സതീശൻ നയിക്കുന്ന പുതിയ മന്ത്രിസഭയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുമെന്ന് സൂചന. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു ധാരണയിൽ എത്തിയത്. സതീശൻ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിൽ രമേശ് ചെന്നിത്തല നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് നടന്ന നിയമസഭാ കക്ഷിയോഗത്തിലും യുഡിഎഫ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ളവർ അനുനയ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഒടുവിൽ സതീശൻ നേരിട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മഞ്ഞുരുകിയത്.
മന്ത്രിസഭയിലേക്ക് എത്തുന്നതിനൊപ്പം തന്റെ വിശ്വസ്തരായ നാല് എംഎൽഎമാർക്ക് കൂടി മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല, ടി.ജെ. വിനോദ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. തിങ്കളാഴ്ചയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
Photo and News Source: Kerala Kaumudi Latest







