പുതിയ യു.ഡി.എഫ് സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെ, വി.ഡി. സതീശൻ മന്ത്രിസഭയിലേക്കുള്ള അംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിലും ഘടകകക്ഷികളിലും അന്തിമഘട്ടത്തിലാണ്. മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെയും പരിഗണിക്കുന്നതായി സൂചനകളുണ്ട്. നിയുക്ത മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹം കന്റോൺമെന്റ് ഹൗസിലെത്തിയിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത മുഖ്യമന്ത്രിയെ സന്ദർശിക്കുന്നത് തന്റെ മര്യാദയാണെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. 'പാർട്ടിയാണ് വലുത്. പാർട്ടി മന്ത്രിസ്ഥാനം നൽകിയാലും ഇല്ലെങ്കിലും ഒരു പാർട്ടിക്കാരനായി ഞാൻ നിലകൊള്ളും', അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അനുനയ ചർച്ചകൾക്കൊടുവിൽ രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. അദ്ദേഹത്തിന് ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ലഭിക്കാനാണ് സാധ്യത. കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, സണ്ണി ജോസഫ്, എം. ലിജു എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. കൊല്ലം ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കാൻ ബിന്ദുകൃഷ്ണയും മന്ത്രിസഭയിലെത്തിയേക്കും.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നാല് മന്ത്രിസ്ഥാനങ്ങളും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും ലീഗ് പരിഗണിക്കുന്നുണ്ട്. ഒറ്റകക്ഷി എം.എൽ.എമാർക്ക് ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം നൽകുന്ന കാര്യവും ചർച്ചയിലുണ്ട്.
Photo and News Source: Kerala Kaumudi







