ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് (BRICS) ഉച്ചകോടിക്കിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മാധ്യമപ്രവർത്തകനോട് നടത്തിയ പരാമർശം വലിയ ചർച്ചയാകുന്നു. വാർത്താസമ്മേളനത്തിനിടെ ഹാളിലിരുന്ന് ഫോണിൽ സംസാരിച്ച മാധ്യമപ്രവർത്തകന്റെ നടപടിയാണ് ലാവ്‌റോവിനെ പ്രകോപിപ്പിച്ചത്. തുടർച്ചയായ ശല്യം കാരണം അദ്ദേഹം തന്റെ പ്രസംഗം നിർത്തിവെക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരോട് ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തു.

സംഭവസ്ഥലത്ത് വെച്ച് ലാവ്‌റോവ് കർശനമായ മുന്നറിയിപ്പാണ് നൽകിയത്. 'നിങ്ങൾക്ക് ഇവിടുന്ന് മാറാമോ? ഞാൻ തമാശ പറയുകയല്ല. നിങ്ങൾ ആ ഫോൺ കൈമാറാൻ തയ്യാറായില്ലെങ്കിൽ സുരക്ഷാ ജീവനക്കാർ തോക്കെടുക്കേണ്ടി വരും' എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും ചെയ്തു.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ ലാവ്‌റോവ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങൾ, ഉക്രൈൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമായി. കഴിഞ്ഞ ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള സഹകരണത്തിലെ പുരോഗതി അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ഈ കൂടിക്കാഴ്ചയിലും ആവർത്തിച്ചു.

Photo and News Source: Kerala Kaumudi