മഹാരാഷ്ട്രയിലെ വാർധ ജില്ലയിലുള്ള സെൻട്രൽ അമുനിഷൻ ഡിപ്പോയിൽ നടന്ന പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു. പുൽഗാവ് ഫയറിങ് റേഞ്ചിൽ വെള്ളിയാഴ്ച നടന്ന പതിവ് വെടിവപ്പ് പരിശീലനത്തിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് സൈനികന്റെ മരണം സംഭവിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഡിഫൻസ് സെക്യുരിറ്റി കോർപ്സിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറായ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദ് ആണ് മരണപ്പെട്ടത്. സംഭവത്തിൽ ഡിഫൻസ് പി.ആർ.ഒ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കി. 'പുൽഗാവിലെ സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ പതിവ് പരിശീലനത്തിനിടെ, ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ജൂനിയർ കമീഷൻഡ് ഓഫീസർ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദ് അബദ്ധത്തിൽ വെടിയേറ്റു മരിച്ചുവെന്ന് ഖേദപൂർവ്വം അറിയിക്കുന്നു' എന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തെത്തുടർന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണമാണ് നടക്കുക. ഇതിനുപുറമെ, പൊലീസും സൈന്യവും സംയുക്തമായി സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈനികന്റെ മരണത്തിൽ സേനയും ഉന്നത ഉദ്യോഗസ്ഥരും അനുശോചനം രേഖപ്പെടുത്തി.

Photo and News Source: Sathyam Online