പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ കണക്കിലെടുത്ത്, സിനിമാ നിർമ്മാണത്തിലെ അമിതമായ ആഢംബരങ്ങൾ ഒഴിവാക്കണമെന്ന് നടൻ കമൽ ഹാസൻ. സിനിമാ വ്യവസായത്തോടുള്ള തന്റെ അഭ്യർത്ഥന എന്ന നിലയിൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വിദേശ ലൊക്കേഷനുകളിലെ അമിത ചെലവുകൾക്കെതിരെ അദ്ദേഹം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
"എല്ലാ പ്രണയകഥകളും പാരീസിൽ മാത്രം വിരിയുകയും, എല്ലാ ഹണിമൂണുകളും സ്വിറ്റ്സർലൻഡിൽ അവസാനിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഭാഗ്യത്തിന്, പ്രണയത്തിന് വിദേശനാണ്യം ആവശ്യമില്ല," എന്ന് അദ്ദേഹം ചോദിച്ചു. ഇന്ധനവിലയും നിർമ്മാണച്ചെലവുകളും കുതിച്ചുയരുന്ന സാഹചര്യത്തിൽ, പ്രേക്ഷകർ വിനോദത്തിനായി പണം ചെലവഴിക്കുന്നത് കുറയാൻ സാധ്യതയുണ്ടെന്നും, അതിനാൽ സിനിമാ പ്രവർത്തകർ കൂടുതൽ പ്രായോഗികമായ നിർമ്മാണ രീതികളിലേക്ക് മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ചെലവ് ചുരുക്കൽ നടപടികൾ ഒരിക്കലും സിനിമയിലെ താഴെത്തട്ടിലുള്ള തൊഴിലാളികളെ ബാധിക്കരുതെന്ന് കമൽ ഹാസൻ കർശനമായി നിർദ്ദേശിച്ചു. തൊഴിലാളികളുടെ വേതനം, സുരക്ഷ, അന്തസ്സ്, ഭക്ഷണം, യാത്രാ സൗകര്യം എന്നിവയിൽ വിട്ടുവീഴ്ച പാടില്ലെന്നും, കഠിനാധ്വാനം ചെയ്യുന്നവരുടെ മേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവനയ്ക്കും കൃത്യതയ്ക്കുമാണ് സിനിമയിൽ മുൻഗണന നൽകേണ്ടതെന്നും അനാവശ്യമായ പണമൊഴുക്കലുകൾക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെ കൂട്ടായി നേരിടാൻ നിർമ്മാതാക്കൾ, നടീനടന്മാർ, യൂണിയനുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ ഒത്തുചേർന്ന് ചർച്ചകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുംതലമുറയ്ക്കായി സിനിമയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് ഇപ്പോഴുള്ളവരുടെ ഉത്തരവാദിത്തമാണെന്നും കമൽ ഹാസൻ തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.
Photo and News Source: Samakalika Malayalam








