വിദേശയാത്രകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളോ നികുതിയോ ഏർപ്പെടുത്താൻ ഒരുങ്ങുന്നു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വാർത്തകളിൽ ഒരു തരിമ്പ് പോലും സത്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശയാത്രകൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'ഈ വാർത്ത തികച്ചും വ്യാജമാണ്. ഇതിൽ ഒരു തരിമ്പ് പോലും സത്യമില്ല. വിദേശയാത്രകൾക്ക് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രശ്നമേ ഉദിക്കുന്നില്ല,' അദ്ദേഹം കുറിച്ചു. ഇന്ത്യൻ പൗരന്മാരുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സ് അന്തരീക്ഷം സുഗമമാക്കുന്നതിനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ, തെറ്റായ വാർത്ത നൽകിയ മാധ്യമസ്ഥാപനം മാപ്പ് പറയുകയും വാർത്ത പിൻവലിക്കുകയും ചെയ്തു.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള ആഗോള പ്രതിസന്ധികൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിച്ച പശ്ചാത്തലത്തിൽ, ഹൈദരാബാദിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. വിദേശനാണ്യ ശേഖരത്തിൽ ഉണ്ടായ ഇടിവ് കണക്കിലെടുത്ത്, ആവശ്യമില്ലാത്ത വിദേശയാത്രകളും സ്വർണ്ണ വാങ്ങലുകളും ഒരു വർഷത്തേക്ക് ഒഴിവാക്കാനും, ഇന്ധന ഉപഭോഗം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
കൂടാതെ, വർക്ക് ഫ്രം ഹോം രീതികൾ പ്രോത്സാഹിപ്പിക്കാനും വിദേശ ഉൽപ്പന്നങ്ങൾക്ക് പകരം സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് വിദേശയാത്രകൾക്ക് സർക്കാർ നികുതിയോ കടുത്ത നിയന്ത്രണമോ ഏർപ്പെടുത്താൻ പോകുന്നു എന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിച്ചത്. ഈ തെറ്റിദ്ധാരണയാണ് ഇപ്പോൾ പ്രധാനമന്ത്രി നേരിട്ട് തിരുത്തിയിരിക്കുന്നത്.
Photo and News Source: Sathyam Online







