സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിന് പിന്നാലെ ജില്ലാ കമ്മിറ്റിയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. പേരാവൂരിൽ കെ.കെ. ശൈലജയെ മത്സരിപ്പിക്കുന്നതിന് പകരം പിണറായി വിജയൻ തന്നെ നേരിട്ട് മത്സരിക്കണമായിരുന്നുവെന്നാണ് കമ്മിറ്റിയിൽ ഉയർന്ന പ്രധാന അഭിപ്രായം. പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ ഇളവുകൾ നേടി മൂന്നാം തവണയും മത്സരത്തിനിറങ്ങിയ പിണറായി, കടുത്ത മത്സരമുള്ള മണ്ഡലങ്ങളിൽ നേരിട്ട് ഇറങ്ങണമായിരുന്നുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഭരണരംഗത്തെ പോരായ്മകളും പാർട്ടി നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളുമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് വഴിയൊരുക്കിയതെന്ന് അംഗങ്ങൾ വിലയിരുത്തി. കെ.കെ. ശൈലജയെ വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലത്തിൽ മത്സരിപ്പിക്കാമായിരുന്നുവെന്നും അഭിപ്രായമുയർന്നു. കൂടാതെ, പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകാതെ വീണ്ടും പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിയമിച്ചതിനെതിരെയും ജില്ലാ കമ്മിറ്റിയിൽ കടുത്ത അതൃപ്തി പ്രകടമായി.

മുൻ മന്ത്രി വീണാ ജോർജിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനങ്ങളുയർന്നു. മന്ത്രിയുടെ പ്രവർത്തനശൈലി ജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും അകന്നുനിൽക്കുന്നതായിരുന്നുവെന്ന് അംഗങ്ങൾ ആരോപിച്ചു. ഫോൺ വിളിച്ചാൽ പോലും ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും, തുടർച്ചയായ വിവാദങ്ങളിൽ കൃത്യമായ വിശദീകരണം നൽകാൻ വീണാ ജോർജിന് സാധിച്ചില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ഈ സമീപനം തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും പിണറായി വിജയനെതിരെ സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ മാത്രമാണെന്നും, പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് അണികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. അടിയന്തരമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വരുത്തിയില്ലെങ്കിൽ പാർട്ടി കൂടുതൽ തകർച്ചയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ടായി.

Photo and News Source: Mathrubhumi