ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ സംഘവും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളും സുവനീറുകളും ചൈനയിൽ തന്നെ ഉപേക്ഷിച്ചു. വൈറ്റ് ഹൗസ് ജീവനക്കാരും മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘം തങ്ങൾക്ക് ലഭിച്ച ലേപ്പൽ ബാഡ്ജുകൾ, ബർണർ ഫോണുകൾ, ക്ഷണപത്രങ്ങൾ തുടങ്ങിയവയെല്ലാം എയർഫോഴ്‌സ് വൺ വിമാനത്തിന് സമീപത്തെ മാലിന്യക്കുട്ടയിൽ നിക്ഷേപിച്ചാണ് മടങ്ങിയത്. ഇത് വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്.

എങ്കിലും, ഇത്തരത്തിൽ ചൈനീസ് സമ്മാനങ്ങൾ ഉപേക്ഷിക്കുന്നത് അമേരിക്കൻ സംഘം കാലങ്ങളായി പിന്തുടരുന്ന ഒരു സുരക്ഷാ നടപടിക്രമമാണ്. ചൈനയുടെ ഭാഗത്തുനിന്നുള്ള ചാരപ്രവർത്തന സാധ്യതകൾ മുൻകൂട്ടി കണ്ടാണ് ഇത്തരമൊരു കടുത്ത തീരുമാനം. ചൈനീസ് നിർമിതമായ യാതൊരുവിധ വസ്തുക്കളും മടക്കയാത്രയിൽ വിമാനത്തിനുള്ളിൽ അനുവദിക്കില്ലെന്ന് സംഘാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. വൈറ്റ് ഹൗസ് സുരക്ഷാവിഭാഗവും സീക്രട്ട് സർവീസും ഇക്കാര്യം കൃത്യമായി ഉറപ്പുവരുത്തുകയും ചെയ്തു.

ന്യൂയോർക്ക് പോസ്റ്റിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. വ്യാപാരം, റെയർ എർത്ത് മൂലകങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങളിൽ കരാറുകളിൽ എത്താമെന്ന പ്രതീക്ഷയോടെയായിരുന്നു ട്രംപിന്റെ ദ്വിദിന ചൈനാ സന്ദർശനം. എന്നാൽ, സോയാബീനും ബോയിങ് എയർക്രാഫ്റ്റുകളും വാങ്ങാൻ ചൈന സമ്മതിച്ചതൊഴിച്ചാൽ, മറ്റ് പ്രധാനപ്പെട്ട കരാറുകളൊന്നും ഈ സന്ദർശനത്തിൽ ഒപ്പുവെക്കാൻ സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

Photo and News Source: Mathrubhumi