ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET-UG) 2027 മുതൽ പൂർണ്ണമായും ഓൺലൈൻ അഥവാ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് (CBT) മാറുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. നിലവിൽ പിന്തുടരുന്ന ഒ.എം.ആർ (OMR) ഷീറ്റ് അടിസ്ഥാനമാക്കിയുള്ള രീതിക്ക് പകരമായാണ് ഈ സുപ്രധാന മാറ്റം കൊണ്ടുവരുന്നത്.

പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ചോദ്യപേപ്പർ ചോർച്ച പോലുള്ള ക്രമക്കേടുകൾ പൂർണ്ണമായും ഒഴിവാക്കാനുമാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത വർധിപ്പിക്കാനും മൂല്യനിർണ്ണയം കൂടുതൽ വേഗത്തിലാക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

പരീക്ഷാ ഘടന, മാർഗനിർദ്ദേശങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ വരും ദിവസങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിടും. പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. 'സീറോ-എറർ' പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതിനായി എൻ.ടി.എയിൽ വലിയ തോതിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo and News Source: Suprabhaatham