കോൽക്കളി കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പേരൂൽ കുഞ്ഞിരാമൻ ഗുരുക്കൾക്ക് പതിനഞ്ചാമത് കണ്ണൻ ഗുരുക്കൾ സ്മാരക മൈത്രി പുരസ്കാരം സമ്മാനിക്കും. കോൽക്കളി ആചാര്യനും കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്ന ഇടവലത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി കോൽക്കളി പരിശീലനത്തിലും അവതരണത്തിലും സജീവ സാന്നിധ്യമാണ് പേരൂൽ കുഞ്ഞിരാമൻ ഗുരുക്കൾ. കലയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും ഈ രംഗത്ത് നൽകിയ നിസ്തുലമായ സേവനങ്ങളുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
കെ. ശിവകുമാർ, ഡോ. എ. കെ. വേണുഗോപാലൻ, കെ. വി. മനോഹരൻ, ഡോ. സി. സന്തോഷ് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പയ്യന്നൂർ തെരു കുടുംബാംഗങ്ങളും സംയുക്തമായാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
മെയ് 19 ചൊവ്വാഴ്ച രാത്രി 7.30-ന് പയ്യന്നൂർ തെരുവിൽ വെച്ച് നടക്കുന്ന കണ്ണൻ ഗുരുക്കൾ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഫോക് ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജൻ പുരസ്കാരം സമ്മാനിക്കും.
Photo and News Source: Kerala Online News







