ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാട്ടര്‍ ബോട്ടിലുകളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യാത്രക്കാരെ ഡല്‍ഹി കസ്റ്റംസ് വിഭാഗം പിടികൂടി. ജിദ്ദ, ദോഹ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെടുത്തത്. വിമാനത്താവളത്തിലെ ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇവരെ തടയുകയായിരുന്നു.
സഊദിയ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ ഒരാളും, ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ മറ്റൊരു യാത്രക്കാരനുമാണ് പിടിയിലായത്. വിശദമായ പരിശോധനയിലാണ് വെള്ളം നിറച്ച കുപ്പികളുടെ അടിഭാഗം പ്രത്യേകം രൂപമാറ്റം വരുത്തി സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. വെള്ളി നിറം പൂശിയ സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കുപ്പികള്‍ക്കുള്ളിലെ വ്യാജ അറകളില്‍ സൂക്ഷിച്ചിരുന്നത്. സാധാരണ പരിശോധനകളില്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമായിരുന്നു ഇവയുടെ നിര്‍മ്മാണം.
യാത്രക്കാരില്‍ ഒരാളില്‍ നിന്ന് 233.5 ഗ്രാം സ്വര്‍ണവും രണ്ടാമനില്‍ നിന്ന് 117 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍, സ്വര്‍ണക്കടത്തിനായി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരം കള്ളക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഫലപ്രദമായ നികുതി നിരക്ക് 9.2 ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായാണ് ഉയര്‍ത്തിയത്. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആഭരണ വ്യാപാരികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Photo and News Source: Suprabhaatham







