സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷ എഴുതിയ 4,14,290 വിദ്യാര്‍ഥികളില്‍ 4,10,456 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.07 ശതമാനമാണ് സംസ്ഥാനത്തെ മൊത്തം വിജയശതമാനം. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫ് പി.ആര്‍.ഡി ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്.
പരീക്ഷ എഴുതിയവരില്‍ 30,540 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. ഇതില്‍ 20,771 പേര്‍ പെണ്‍കുട്ടികളും 9,743 പേര്‍ ആണ്‍കുട്ടികളുമാണ്. റവന്യൂ ജില്ലകളില്‍ പത്തനംതിട്ടയാണ് വിജയശതമാനത്തില്‍ മുന്നില്‍. വിദ്യാഭ്യാസ ജില്ലകളില്‍ കുട്ടനാട് ഒന്നാമതെത്തിയപ്പോള്‍, ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയത് കൊല്ലം ജില്ലയാണ്. എസ്.എസ്.എല്‍.സിക്ക് പുറമെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇമ്പയേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇമ്പയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ results.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in, https://sslcexam.kerala.gov.in/ എന്നിവയിലൂടെ ഫലം പരിശോധിക്കാം. കൂടാതെ 'നമ്മുടെ കേരളം', 'സഫലം കൈറ്റ്' എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. കേരള സ്‌റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'RESULT' എന്ന് മെസേജ് അയച്ചും രജിസ്റ്റര്‍ നമ്പറും ജനനതിയ്യതിയും നല്‍കി പി.ഡി.എഫ് രൂപത്തില്‍ ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Photo and News Source: Suprabhaatham







