അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം വഴി വൻ തോതിൽ കൊക്കെയ്ൻ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ആഫ്രിക്കൻ രാജ്യത്തുനിന്ന് എത്തിയ യാത്രക്കാരനാണ് ലഹരിമരുന്നുമായി പിടിയിലായത്. ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1.4 കിലോയിലധികം കൊക്കെയ്ൻ പിടികൂടിയത് വലിയ വാർത്തയായിരിക്കുകയാണ്.

വിമാനത്താവളത്തിലെ സാധാരണ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് അസ്വാഭാവികത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ വിശദമായ പരിശോധനയ്ക്കായി മാറ്റി. ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് കുടലിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിൽനിന്ന് കൊക്കെയ്ൻ നിറച്ച 100 ഗുളികകളാണ് പുറത്തെടുത്തത്.

പിടിച്ചെടുത്ത ലഹരിമരുന്നിന് ആകെ 1,418 ഗ്രാം ഭാരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ദേശീയ ലഹരിവിരുദ്ധ ഏജൻസിയുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്. ലഹരി കടത്തുകാർക്കെതിരെ കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.

Photo and News Source: Media Mangalam