അസമിലെ ചരായ്ദിയോ ജില്ലയിലുള്ള മധുരാപൂർ ടീ ഗാർഡൻ പ്രൈമറി സ്കൂളിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയും, ഒരു കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയാൻ ശ്രമിക്കുകയും ചെയ്ത അസിസ്റ്റന്റ് അധ്യാപകൻ അരിഫുൾ ഇസ്‌ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ പ്രധാനാധ്യാപകൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരത പുറംലോകം അറിഞ്ഞത്.

ക്ലാസ് സമയത്ത് കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നതും, ചില കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് മസാജ് ചെയ്യിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ നിരന്തരം വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കാറുണ്ടായിരുന്നുവെന്ന് പരാതിയുണ്ട്. സംഭവത്തിൽ അസം ടീ ട്രൈബ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയും അന്തസ്സും ഹനിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.

സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളിലും നാട്ടുകാരിലും വലിയ ആശങ്കയാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Photo and News Source: Media Mangalam