പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവും കണക്കിലെടുത്ത് വിദേശയാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശയാത്രകള്‍ക്ക് നികുതിയോ പ്രത്യേക സെസോ സര്‍ചാര്‍ജോ ഈടാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സിഎന്‍ബിസി-ടിവി18 ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷത്തേക്ക് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് സാധ്യതയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. നേരത്തെ, സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാനും വിദേശയാത്രകള്‍ പരമാവധി ഒഴിവാക്കാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യയുടെ ഇറക്കുമതി ബില്ലില്‍ വലിയൊരു പങ്കും വഹിക്കുന്നത് ക്രൂഡ് ഓയിലും സ്വര്‍ണവുമാണ്. ഇവയുടെ ഇറക്കുമതി നിയന്ത്രിക്കുക വഴി വിദേശനാണ്യ ശേഖരം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഇത് വിദേശ വിനോദയാത്രയ്ക്ക് പോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഈ സാഹചര്യം ആഭ്യന്തര ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുന്നുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലാണ് തുടരുന്നത്. ഇത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.
Photo and News Source: Dhanam







