രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി സുപ്രധാന തീരുമാനമെടുത്തു. ഇനിമുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം കോടതി നടപടികള്‍ വിര്‍ച്വല്‍ രീതിയിലായിരിക്കും നടക്കുക. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഔദ്യോഗിക സര്‍ക്കുലര്‍ പുറത്തിറക്കി.
ജൂണ്‍, ജൂലൈ മാസങ്ങളിലെ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അഭിഭാഷകര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ഈ ദിവസങ്ങളില്‍ വാദപ്രതിവാദങ്ങള്‍ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും നടക്കുക. ഇന്ധനം ലാഭിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്താണ് കോടതിയുടെ ഈ നടപടി.
കോടതി നടപടികള്‍ക്ക് പുറമെ, സുപ്രിംകോടതി രജിസ്ട്രിയിലെ പകുതിയോളം ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും (Work from Home) ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അനുമതി നല്‍കിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവും ഇന്ധനക്ഷാമവും കണക്കിലെടുത്ത് ഭരണതലത്തിലും വലിയ മാറ്റങ്ങളാണ് വരുന്നത്.
ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനവ് രാജ്യത്തെ സാമ്പത്തിക മേഖലയെയും ബാധിച്ചിട്ടുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം വിദേശയാത്രകളും വിദേശത്തുള്ള വിവാഹങ്ങളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് രാജ്യം നീങ്ങുന്നത്.
Photo and News Source: Sathyam Online








