കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ ഔദ്യോഗികമായി ക്ഷണിച്ചു. ചീഫ് സെക്രട്ടറിയാണ് വിജയ്‌ക്ക് ക്ഷണക്കത്ത് അയച്ച വിവരം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന സർക്കാരിന് കോൺഗ്രസ് പിന്തുണ നൽകുന്നുണ്ട്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിക്ക് പുറമെ കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരാണ് അധികാരത്തിലുള്ളത്. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം, പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടാകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. ശനിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം മന്ത്രിമാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ രൂപീകരണ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
Photo and News Source: Kerala Kaumudi Latest








