മുംബൈയിൽ കാണാതായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലാക്കി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ നഴ്സും സഹോദരനും അറസ്റ്റിൽ. ഡോംബിവ്‌ലിയിലെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന അർബാസ് ഖാൻ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നഴ്സായ മെഹ്‌ജബിൻ ഷെയ്ഖ്, സഹോദരൻ താരിഖ് ഷെയ്ഖ് എന്നിവരെ മുമ്പ്ര പൊലീസ് പിടികൂടി.
ഏപ്രിൽ മൂന്നിനാണ് ജോലി സംബന്ധമായ ആവശ്യത്തിനായി ദാദറിലേക്ക് പോയ അർബാസ് ഖാനെ കാണാതായത്. യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ, അർബാസും മെഹ്‌ജബിനും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തി. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇരുവരും വസായ് മേഖലയിലുണ്ടായിരുന്നതായി വ്യക്തമായി. ഏപ്രിൽ അഞ്ചിന് മുംബൈ-അഹ്മദാബാദ് ഹൈവേയിലെ വിരാർ ഫാതയ്ക്ക് സമീപമുള്ള അഴുക്കുചാലിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മെഹ്‌ജബിൻ അർബാസിന് പണം കടമായി നൽകിയിരുന്നു. ഈ പണം തിരികെ ചോദിച്ചും കൂടുതൽ തുക തട്ടിയെടുക്കാനുമായി മെഹ്‌ജബിനും സംഘവും ചേർന്ന് യുവാവിനെ വസായിലെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് കൈകാലുകൾ കെട്ടിയിട്ട ശേഷം പി.വി.സി പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം ഡ്രമ്മിലാക്കി അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു.
മേയ് ഏഴിനാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. മെഹ്‌ജബിന്റെ ഭർത്താവ് ഹസ്സൻ, സഹായി മുജാസം താലിബ് ഖാൻ എന്നിവർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും മുമ്പ്ര പൊലീസ് സീനിയർ ഇൻസ്പെക്ടർ അനിൽ ഷിൻഡെ അറിയിച്ചു.
Photo and News Source: Sathyam Online








