ഇന്ത്യൻ വിപണിയിൽ നിസാൻ എന്ന ബ്രാൻഡിനെ തിരികെ കൊണ്ടുവന്നതിൽ നിർണായക പങ്കുവഹിച്ച വാഹനമാണ് മാഗ്നൈറ്റ്. കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ഹാച്ച്ബാക്കുകൾക്ക് സമാനമായ വിലയിൽ മികച്ച സുരക്ഷയും ഫീച്ചറുകളും നൽകിയതാണ് ഈ വാഹനത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. സാധാരണ ഉപഭോക്താക്കൾക്കായി നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും, സ്പോർട്ടി ഡ്രൈവിംഗ് ആഗ്രഹിക്കുന്നവർക്കായി ടർബോ പെട്രോൾ എഞ്ചിനും കമ്പനി നൽകുന്നുണ്ട്.
ഇപ്പോഴിതാ, മാഗ്നൈറ്റിന്റെ ആകർഷണീയത വർധിപ്പിക്കാനായി 'ഒലിവ് ബ്രോൺസ്' എന്ന പുതിയ നിറം കൂടി നിസാൻ അവതരിപ്പിച്ചിരിക്കുന്നു. എൻ-കണക്റ്റ് വേരിയന്റ് മുതൽ മുകളിലേക്കുള്ള എല്ലാ വകഭേദങ്ങളിലും ഈ നിറം ലഭ്യമാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഈ പുതിയ കളർ ഓപ്ഷൻ സ്വന്തമാക്കാം. നിലവിൽ നാല് സിംഗിൾ-ടോൺ, നാല് ഡ്യുവൽ-ടോൺ നിറങ്ങളിൽ ലഭ്യമായിരുന്ന മാഗ്നൈറ്റ് നിരയിലേക്ക് പുതിയൊരു നിറം കൂടി എത്തുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകൾ ലഭിക്കുന്നു.
മെയ് മാസത്തിൽ വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും നിസാൻ പ്രഖ്യാപിച്ചിട്ടുണ്ട്. വേരിയന്റുകൾക്കനുസരിച്ച് 5,000 മുതൽ 12,000 രൂപ വരെയുള്ള ആക്‌സസറികളും 20,000 രൂപയുടെ ബുക്കിംഗ് ഓഫറും ലഭ്യമാണ്. എക്സ്ചേഞ്ച് ബോണസുകളായി നിസാൻ ഇതര വാഹനങ്ങൾക്ക് 35,000 രൂപയും, റെനോ/നിസാൻ വാഹനങ്ങൾക്ക് 55,000 രൂപ വരെയും ലഭിക്കും. കൂടാതെ 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും കമ്പനി നൽകുന്നുണ്ട്.
2025 മോഡൽ ഇയർ സ്റ്റോക്കുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇതിൽ 45,000 രൂപ വരെ ബുക്കിംഗ് ഓഫറും, എക്സ്ചേഞ്ച് ബോണസായി 75,000 രൂപ വരെയും ലഭിക്കാം. എഞ്ചിൻ കരുത്തിന്റെ കാര്യത്തിൽ 71 bhp കരുത്തുള്ള NA എഞ്ചിനും 98 bhp കരുത്തുള്ള ടർബോ എഞ്ചിനുമാണ് മാഗ്നൈറ്റിലുള്ളത്. മാനുവൽ, എഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിലുണ്ട്. മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറണ്ടിയും നിസാൻ ഉറപ്പുനൽകുന്നു.
Photo and News Source: DriveSpark







