പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന പ്രതിസന്ധിയെ മുൻനിർത്തി തന്റെ വാഹനവ്യൂഹം വെട്ടിക്കുറച്ചു. രാജ്യത്തെ ജനങ്ങളോട് ഇന്ധന ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ മാതൃകാപരമായ നടപടി. സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളിലൂടെയാണ് നീക്കം. ഇപ്പോൾ വെറും രണ്ട് കാറുകളാണ് മോദിയുടെ വാഹന വ്യൂഹത്തിലുള്ളത്. 12 മുതൽ 15 വരെ സുരക്ഷാ വാഹനങ്ങളുണ്ടായിരുന്ന സ്ഥാനത്താണ് രണ്ടെണ്ണമായി ചുരുങ്ങിയിരിക്കുന്നത്. ഡൽഹി യാത്രയ്ക്കിടെ വലിയ വാഹനവ്യൂഹത്തിന് പകരം റേഞ്ച് റോവർ, ഫോർച്യൂണർ എന്നീ രണ്ട് വാഹനങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇത് പലരേയും അത്ഭുതപ്പെടുത്തിയേക്കാവുന്ന കാര്യമാണ്.
സുരക്ഷയെ ബാധിക്കുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടായേക്കാം. എന്നാൽ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെയാണ് സുരക്ഷാവാഹനങ്ങൾ വെട്ടിക്കുറച്ചിരിക്കുന്നത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) പ്രോട്ടോക്കോളുകൾക്ക് കീഴിലുള്ള എല്ലാ നിർബന്ധിത സുരക്ഷാ ക്രമീകരണങ്ങളും നിലനിർത്തിക്കൊണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ കവചിത മെർസിഡീസ് മെയ്ബാക്ക് S 650 ഗാർഡ്, റേഞ്ച് റോവറുകൾ, ടൊയോട്ട ഫോർച്യൂണറുകൾ, എസ്കോർട്ട് വാഹനങ്ങൾ, ജാമർ യൂണിറ്റുകൾ, ഡെക്കോയ് കാറുകൾ, ആംബുലൻസ് എന്നിവയുൾപ്പെടെ കുറഞ്ഞത് 12-15 വാഹനങ്ങളെങ്കിലും ഉണ്ടായിരിക്കും.
പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി ഗുജറാത്ത്, അസം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള മോദിയുടെ സമീപകാല സന്ദർശന വേളയിലാണ് ഈ നീക്കം നടപ്പിലാക്കിയത്. സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ പ്രധാനമন্ত্রിക്ക് സുരക്ഷയൊരുക്കുന്ന രണ്ട് വാഹനങ്ങളും അതിഗംഭീര സേഫ്റ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും പ്രശസ്‌തമായ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് ലാൻഡ് റോവർ റേഞ്ച് റോവറും ടൊയോട്ട ഫോർച്യൂണറും. റേഞ്ച് റോവർ L405 സെന്റിനൽ എന്നറിയപ്പെടുന്ന ഈ എസ്‌യുവി സ്റ്റാൻഡേർഡ് വീൽബേസിലുള്ള 2016 റേഞ്ച് റോവർ ഓട്ടോബയോഗ്രഫി മോഡലാണ്. സാധാരണ വിപണിയിൽ നിന്നും ലഭിക്കുന്ന റേഞ്ച് റോവറുകളെ അപേക്ഷിച്ച് പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത് പണികഴിപ്പിച്ചിരിക്കുന്ന വാഹനമാണിത്. ഇംഗ്ലണ്ടിലെ കോവെൻട്രിയിലുള്ള ലാൻഡ് റോവറിന്റെ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഫെസിലിറ്റിയാണ് ഈ എസ്‌യുവികൾ കവചിതമാക്കുന്നത്.
BRV 2009 ബാലിസ്റ്റിക്സ് പ്രൊട്ടക്ഷൻ റേറ്റിംഗുകളിൽ VR8 സർട്ടിഫിക്കറ്റും ഇവയ്ക്ക് ഉണ്ട്. 7.62 mm ഹൈ വെലോസിറ്റി ആർമർ പിയേഴ്‌സിംഗ് ഇൻസെൻഡറി ബുള്ളറ്റുകളെ പോലും നേരിടാനും എസ്‌യുവിയുടെ ബോഡിക്ക് സാധിക്കുന്നതാണ്. 15 കിലോഗ്രാം വരെ ഭാരമുള്ള ലാറ്ററൽ ട്രിനിട്രോട്ടോലുയിൻ (TNT) സ്ഫോടനങ്ങളിൽ നിന്ന് പോലും യാത്രക്കാരെ സംരക്ഷിക്കാനും ഫ്ലോറിന് താഴെയും സൺറൂഫിന് മുകളിലുമുള്ള DM51 ഗ്രനേഡ് സ്ഫോടനങ്ങളിൽ നിന്ന് പ്രതിരോധിക്കാനും ശേഷിയുള്ളതാണ്. പഞ്ചറായാലും പ്രധാനമന്ത്രിയുടെ യാത്ര തുടരാനുള്ള സംവിധാനങ്ങളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Photo and News Source: DriveSpark







