ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി (48) ആണ് കല്‍പ്പറ്റ പോലീസിന്റെ പിടിയിലായത്. കല്‍പ്പറ്റ എസ്‌ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കല്‍പ്പറ്റയിലെ ബീവറേജിന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന സ്ത്രീയെയാണ് ഇയാള്‍ കബളിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കം കൃത്രിമമായി ഒട്ടിച്ചുവെച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 5000 രൂപ സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ വില്‍പ്പനക്കാരിയില്‍ നിന്ന് പണം കൈക്കലാക്കിയത്.

തട്ടിപ്പിന് ശേഷം സ്‌കൂട്ടറില്‍ കയറി ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ ലക്കിടിയില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Photo and News Source: Siraj Live