പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പോലീസുകാർക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ 50 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ, മുഹമ്മദ് ശാദുലി, അഭിഷേക്, അഫ്‌സൽ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പാലക്കാട് നോർത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.
നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസുകാരുടെ പേരും വീട്ടുപേരും പരസ്യമായി വിളിച്ചുപറഞ്ഞായിരുന്നു എസ്എഫ്‌ഐ നേതാക്കളുടെ കൊലവിളി. 'ഞങ്ങളെ തല്ലിയവരെല്ലാം ഞങ്ങളുടെ ശ്രദ്ധയിലുണ്ട്. മനീഷ്, അജീഷ്, സുനിൽ, എസ്ഐ രജിത്ത് തുടങ്ങി എല്ലാവരെയും ഞങ്ങൾ നോക്കിവച്ചിട്ടുണ്ട്. ഞങ്ങൾക്ക് കിട്ടിയതൊന്നും തിരിച്ചുകൊടുക്കാത്ത ചരിത്രം ഈ പ്രസ്ഥാനത്തിനില്ല. ഞങ്ങൾ അടിക്കാൻ തുടങ്ങിയാൽ ഞങ്ങളുടെ ഭീകരതയ്ക്ക് അതിരുണ്ടാവില്ലെന്ന് പോലീസുകാർ മനസ്സിലാക്കണം' എന്ന് നേതാക്കൾ പ്രസംഗത്തിൽ ഭീഷണി മുഴക്കി.
പാലക്കാട് നിയുക്ത എംഎൽഎയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ എൽഡിഎഫ്-യുഡിഎഫ് സംഘർഷത്തിനിടെ സിപിഎം ഓഫീസിൽ കയറി പോലീസ് ലാത്തി വീശിയതിനെ തുടർന്നാണ് ഈ പ്രകോപനപരമായ പ്രസംഗം ഉണ്ടായത്. പോലീസ് നടപടിയിൽ എസ്എഫ്‌ഐ പാലക്കാട് ഏരിയാ സെക്രട്ടറി നിഖിലിന് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പോലീസിനെതിരെ പരസ്യമായ ഭീഷണി മുഴക്കിയത്.
Photo and News Source: Pathram Online










