വേനൽക്കാലത്ത് ദാഹമകറ്റാൻ പലരും ആശ്രയിക്കുന്ന തണ്ണിമത്തൻ അശ്രദ്ധമായി കൈകാര്യം ചെയ്താൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഛത്തീസ്‌ഗഡിൽ നടന്ന ദാരുണമായ സംഭവം ഓർമ്മിപ്പിക്കുന്നു. ജഞ്ജഗിർ ജില്ലയിൽ മുറിച്ചുവെച്ച തണ്ണിമത്തൻ കഴിച്ചതിനെ തുടർന്ന് 15 വയസ്സുകാരൻ മരണപ്പെടുകയും മൂന്ന് കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ വൈകുന്നേരം കഴിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്.

ഭക്ഷ്യവിഷബാധയും ബാക്ടീരിയൽ അണുബാധയുമാണ് മരണകാരണമെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. മുറിച്ച തണ്ണിമത്തൻ സാധാരണ താപനിലയിൽ പരമാവധി രണ്ട് മണിക്കൂർ മാത്രമേ സുരക്ഷിതമായിരിക്കുകയുള്ളൂ. ചൂടുകാലാവസ്ഥയാണെങ്കിൽ ഇത് ഒരു മണിക്കൂറായി കുറയുന്നു. മുറിച്ച തണ്ണിമത്തന്റെ ഈർപ്പമുള്ള ഭാഗത്ത് ബാക്ടീരിയകൾ അതിവേഗം വളരാൻ സാധ്യതയുള്ളതിനാലാണ് ഇത് എത്രയും വേഗം കഴിച്ചുതീർക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

പലരും മുറിച്ച തണ്ണിമത്തൻ മണിക്കൂറുകളോളം പുറത്തുവെച്ച ശേഷം പിന്നീട് ഫ്രിഡ്ജിലേക്ക് മാറ്റാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയേയുള്ളൂ. മുറിച്ച തണ്ണിമത്തൻ വായു കടക്കാത്ത പാത്രങ്ങളിൽ (Air-tight containers) സൂക്ഷിച്ചാൽ ഫ്രിഡ്ജിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ കേടുകൂടാതെയിരിക്കും. എങ്കിലും രുചിയിലും ഗുണനിലവാരത്തിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

തണ്ണിമത്തൻ മുറിക്കുന്നതിന് മുൻപ് പുറംതോട് നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന കത്തിയും കട്ടിംഗ് ബോർഡും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. തണ്ണിമത്തന് പുളിച്ച മണമോ, രുചിമാറ്റമോ, വഴുവഴുപ്പുള്ള ഘടനയോ അനുഭവപ്പെട്ടാൽ അത് ഒരു കാരണവശാലും കഴിക്കരുത്. വേനൽക്കാലത്ത് മുറിച്ചുവെച്ച പഴങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം.

Photo and News Source: Kerala Kaumudi