ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ഇതിനായി വിപണിയിൽ ലഭ്യമായ വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് പിന്നാലെ പണം ചെലവാക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, നമ്മുടെ അടുക്കളയിൽ തന്നെയുള്ള പച്ചക്കറികൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചർമ്മ സംരക്ഷണം സാധ്യമാണെന്ന കാര്യം പലരും മറന്നുപോകുന്നു. കണ്ണിനും മുടിക്കും ചർമ്മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് ക്യാരറ്റ്.

ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ക്യാരറ്റ് ഓയിൽ. ഇത് വീട്ടിൽ തന്നെ തയ്യാറാക്കാൻ ക്യാരറ്റ്, വെളിച്ചെണ്ണ, അല്പം മഞ്ഞൾപ്പൊടി എന്നിവ മാത്രം മതിയാകും. ആദ്യം ക്യാരറ്റ് തൊലി കളഞ്ഞ് വൃത്തിയാക്കി ചെറുതായി ചെത്തിയെടുക്കുക. ശേഷം, ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് ഈ ക്യാരറ്റ് കഷ്ണങ്ങൾ ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കണം. എണ്ണയുടെ നിറം മാറി തുടങ്ങുമ്പോൾ തീ അണയ്ക്കാവുന്നതാണ്.

തീ അണച്ച ശേഷം രണ്ട് മിനിറ്റ് കഴിഞ്ഞ് ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം 24 മണിക്കൂർ നേരം അടച്ചുവെക്കുക. അതിനുശേഷം ഇത് അരിച്ചെടുത്ത് വൃത്തിയുള്ള ഒരു കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ്. ദിവസവും ഈ എണ്ണ ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താനും സഹായിക്കും.

Photo and News Source: Kerala Kaumudi