രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET UG) 2027 മുതൽ പൂർണ്ണമായും ഓൺലൈൻ അഥവാ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. നിലവിലുള്ള പേപ്പർ അധിഷ്ഠിത പരീക്ഷാ രീതിയിൽ നിന്ന് മാറി, സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യമായ പരീക്ഷാ സംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നതായി മന്ത്രി വ്യക്തമാക്കി. പരീക്ഷാ മാഫിയകൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും, ഇത്തരം അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ സിബിഐയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
ഇതിനിടെ, റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21-ന് വീണ്ടും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ പുനഃപരീക്ഷയിൽ പങ്കെടുക്കുന്നത്. പരീക്ഷാ നടത്തിപ്പിൽ പൂർണ്ണ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്താൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, പരീക്ഷാ സമ്പ്രദായത്തെ ദുർബലപ്പെടുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Photo and News Source: Kerala Kaumudi









