എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന 'കൊച്ചിൻ' എന്ന സ്വകാര്യ ബസ് നേര്യമംഗലത്തിന് സമീപം കരിമണലിൽ വെച്ച് അപകടത്തിൽപ്പെട്ടു. ലോറിക്ക് പിന്നിലിടിച്ച ബസ് നിയന്ത്രണം വിട്ട് വനത്തിന് സമീപമുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന 41 യാത്രക്കാരും വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കനത്ത മഴയെത്തുടർന്ന് റോഡിലെ കാഴ്ച മങ്ങിയതും ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികൾ ബസിന്റെ ചില്ലുകൾ തകർത്ത് യാത്രക്കാരെ പുറത്തെത്തിക്കാൻ സഹായിച്ചു.
ഇടുക്കി ഇന്റലിജൻസ് ഡിവൈഎസ്പി ആർ. സന്തോഷ് കുമാർ, ഇൻസ്പെക്ടർ ഫിലിപ്പ് സാം, എസ്.ഐ ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ അഖിൽ വിനായക്, സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ഉടുമ്പൻചോല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ നേര്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Photo and News Source: Mathrubhumi









