കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്‌കൂളിന് സമീപം ഭീതി പരത്തിയ മലമ്പാമ്പിനെ വനംവകുപ്പ് അധികൃതർ പിടികൂടി. സ്‌കൂൾ കോമ്പൗണ്ടിന്റെ സംരക്ഷണഭിത്തിയിലെ മാളത്തിലാണ് പാമ്പ് ഒളിച്ചിരുന്നത്. മതിൽക്കെട്ടിനോട് ചേർന്നുള്ള തോട്ടിലൂടെ എത്തിയ പാമ്പ് മാളത്തിനുള്ളിലേക്ക് കയറുകയായിരുന്നു.

മാളം വളരെ ചെറുതായതിനാൽ പാമ്പിന്റെ വാൽഭാഗം പുറത്തേക്ക് കാണാമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ ആർ.ആർ.ടി (RRT) സംഘവും നാട്ടുകാരും ചേർന്ന് പാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാലിൽ പിടിച്ച് വലിച്ചെങ്കിലും പാമ്പ് മാളത്തിനുള്ളിൽ തന്നെ ഉറച്ചുനിന്നു.

തുടർന്ന്, പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് മതിൽക്കെട്ടിന്റെ ഒരു ഭാഗം പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് സ്‌കൂൾ ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്ത ശേഷം ആർ.ആർ.ടി അംഗങ്ങൾ പാമ്പിനെ പിടികൂടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാൻ സാധിച്ചത്.

Photo and News Source: Kerala Kaumudi