
മികച്ച പരിശീലനം, പുതിയ ദൗത്യങ്ങൾ; ഖത്തറിൽ പൊലിസ്, ഫയർ സേഫ്റ്റി ബാച്ചുകൾ സജ്ജം, ബിരുദം നേടിയത് 150ലധികം പേർ
ഖത്തർ പൊലിസ് അക്കാദമിയിൽ നിന്നുള്ള രണ്ടാമത്തെ പൊലിസ് സയൻസ് ബാച്ചിന്റെയും ആദ്യത്തെ ഇന്റർനാഷനൽ ഫയർ സേഫ്റ്റി മാനേജ്‌മെന്റ് ബാച്ചിന്റെയും ബിരുദദാന ചടങ്ങ് നടന്നു. ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽഥാനി ആണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. പൊലിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൊലിസ് സയൻസിൽ ഡിപ്ലോമ നേടിയ 107 പേർ, ലഖ്‌വിയയിലെ 30 അംഗങ്ങൾ, 17 വനിതാ ഉദ്യോഗസ്ഥർ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളേജിൽ നിന്ന് ഇന്റർനാഷനൽ ഫയർ സേഫ്റ്റി മാനേജ്‌മെന്റിൽ ഡിപ്ലോമ പൂർത്തിയാക്കിയ ആഭ്യന്തര മന്ത്രാലയത്തിലെ 9 പേർക്കും ഫലസ്തീനിൽ നിന്നുള്ള 3 സ്കോളർഷിപ്പ് വിദ്യാർഥികൾക്കും ബിരുദം നൽകി. ഏറെ വൈവിധ്യം നിറഞ്ഞതായിരുന്നു ഡിപ്ലോമ പ്രോഗ്രാമുകൾ.
സ്പെഷ്യലൈസ്ഡ് കോഴ്സുകളും ഫീൽഡ് വിസിറ്റുകളും ചേർന്നതായിരുന്നു ഇവരുടെ കരിക്കുലം. ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും ഏത് ദൗത്യവും മികവോടെ ചെയ്യാൻ അവരെ സജ്ജരാക്കാനും ലക്ഷ്യമിട്ടാണ് ഈ കോഴ്സുകൾ സംഘടിപ്പിച്ചത്.
Photo courtesy - Suprabhaatham