യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് എത്തുന്ന അദ്ദേഹം പതിനൊന്ന് മണിയോടെ മടങ്ങും. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും എത്തും.

സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാസുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. നഗരത്തിൽ 18-ാം തീയതി പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം പേർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെൻട്രൽ സ്റ്റേഡിയത്തിന് പുറമെ നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്‌ക്രീനുകൾ സ്ഥാപിക്കും. ചടങ്ങിന് ശേഷം മന്ത്രിമാർ രാജ്ഭവനിൽ ഗവർണറുടെ സത്കാരത്തിൽ പങ്കെടുക്കും. തുടർന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിയമസഭ വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും. മേയ് 18-ന് മന്ത്രിസഭാ സത്യപ്രതിജ്ഞയും, 21-ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും നടക്കും. തുടർന്ന് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും, 29-ന് ഗവർണറുടെ നയപ്രഖ്യാപനവും, ജൂൺ അഞ്ചിന് സംസ്ഥാന ബജറ്റും അവതരിപ്പിക്കും.

Photo and News Source: Sathyam Online