രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ച നടപടിക്കെതിരെ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മോദി സർക്കാരിന്റെ ഭരണപരമായ പരാജയങ്ങളും തെറ്റായ നയങ്ങളും മൂലമാണ് സാധാരണക്കാർക്ക് ഈ അധിക ബാധ്യത നേരിടേണ്ടി വരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന ഈ വില വർദ്ധനവ് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ധനവിലയ്ക്ക് പുറമെ ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സി.എൻ.ജി വില കിലോഗ്രാമിന് 2 രൂപ വീതവും വർദ്ധിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 'മോദി സർക്കാരിന്റെ തെറ്റുകൾക്കുള്ള ശിക്ഷയാണ് ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്. 3 രൂപയുടെ ആദ്യ ഞെട്ടൽ ഇപ്പോൾ തന്നെ വന്നെത്തിക്കഴിഞ്ഞു. ബാക്കിയുള്ള തുക വരും ദിവസങ്ങളിൽ ഗഡുക്കളായി ജനങ്ങളിൽ നിന്ന് ഈടാക്കും,' എന്ന് അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച് രംഗത്തെത്തി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകുന്നതിന് പകരം, കഴിഞ്ഞ 10 വർഷത്തിനിടെ 43 ലക്ഷം കോടി രൂപ നികുതിയിനത്തിൽ സർക്കാർ സമാഹരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാം സാധാരണമാണെന്ന് വരുത്തിത്തീർക്കുന്ന സർക്കാർ, ഇപ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് ഖാർഗെ എക്‌സിലൂടെ കുറ്റപ്പെടുത്തി.
Photo and News Source: Sathyam Online







