തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി എംഎൽഎമാർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചുവെന്നും, അതിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. താനും ബിജെപി, എൻഡിഎ മുന്നണിയിലെ മറ്റ് എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ സന്നിഹിതരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഏകദേശം പതിനായിരത്തോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള രീതിയിലാണ് പന്തൽ സജ്ജീകരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും.
ചടങ്ങിന് ശേഷം മന്ത്രിമാർ രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന സത്കാരത്തിൽ പങ്കെടുക്കും. തുടർന്ന് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിയമസഭ വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ചലച്ചിത്ര മേഖലയിലെ പ്രമുഖർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
Photo and News Source: Sathyam Online









