മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ധരിച്ച സംഭവത്തിൽ റാപ്പർ വേടന് കനത്ത തിരിച്ചടി. വേടന്റെ കൈവശം ഉണ്ടായിരുന്നത് യഥാർത്ഥ പുലിപ്പല്ല് തന്നെയാണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ കേസിൽ വനം വകുപ്പ് നടപടികൾ വേഗത്തിലാക്കി.
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി വന്യജീവികളുടെ ഭാഗങ്ങൾ കൈവശം വെച്ചതിനാണ് കേസ്. ഈ കുറ്റത്തിന് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. വനം വകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
താൻ ധരിച്ചിരുന്ന പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതാണെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തെ വെളിപ്പെടുത്തിയത്. തായ്‌ലൻഡിൽ നിന്നാണ് ഇത് കൊണ്ടുവന്നതെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. എന്നാൽ, നിയമവിരുദ്ധമായി വന്യജീവി അവശിഷ്ടങ്ങൾ കൈവശം വെക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. നിലവിൽ വേടനെതിരെ കഞ്ചാവ് കേസുകളും നിലനിൽക്കുന്നുണ്ട്.
Photo and News Source: Siraj Live







