മലയാളികളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ അംബിക പിള്ള, താൻ നേരിട്ട സ്തനാർബുദത്തെക്കുറിച്ചും അതിനുശേഷം തന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ നിർണ്ണായകമായ ഈ വഴിത്തിരിവിനെക്കുറിച്ച് അവർ സംസാരിച്ചത്.

കഴിഞ്ഞ 35 വർഷമായി മേക്കപ്പ് ആർട്ടിസ്റ്റായും ഹെയർ സ്റ്റൈലിസ്റ്റായും പ്രവർത്തിച്ച അംബിക, പല രാജ്യങ്ങളിലും നഗരങ്ങളിലുമായി തിരക്കേറിയ ജീവിതമാണ് നയിച്ചിരുന്നത്. ദിവസവും പത്തുമണിക്കൂറിലധികം ജോലി ചെയ്തിരുന്ന താൻ ആരോഗ്യകാര്യങ്ങളിൽ ഒട്ടും ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും, വ്യായാമം പോലും ചെയ്തിരുന്നില്ലെന്നും അവർ സമ്മതിക്കുന്നു.

എന്നാൽ കാൻസർ ബാധിച്ചതോടെ തന്റെ ജീവിതം പൂർണ്ണമായും മാറിയെന്ന് അംബിക പറയുന്നു. സലോൺ പ്രവർത്തനങ്ങളിൽ നിന്നും മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലുള്ള തിരക്കുകളിൽ നിന്നും അവർ വിരമിച്ചു. ഇപ്പോൾ തന്റെ ഫ്രിഡ്ജിൽ മിൽക്ക് ഷേക്കുകളോ ജങ്ക് ഫുഡുകളോ ഇല്ലെന്നും, പകരം ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും അവർ വ്യക്തമാക്കി.

ദിവസവും നടക്കാൻ പോകാനും സമ്മർദ്ദങ്ങളില്ലാതെ ശാന്തമായിരിക്കാനും താൻ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അംബിക പറയുന്നു. സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നതിനൊപ്പം, ‘അംബിക പിള്ള സ്കിൻ ആൻഡ് ഹെയർ കെയർ പ്രൊഡക്ട്സി’ന്റെ കാര്യങ്ങൾക്കായി അല്പസമയം ചെലവഴിക്കുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Photo and News Source: Samakalika Malayalam